അണികളോട് സിപിഎമ്മിന്റെ നിർദേശം;'തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനം പാടില്ല'
അണികളുടെ പ്രവർത്തനങ്ങൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം സ്ക്വാഡ് വിലയിരുത്തും.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനപരമായ പ്രവർത്തനങ്ങൾ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാവരുതെന്ന് അണികളോട് സിപിഎം. പ്രവർത്തകരെ നിയന്ത്രിക്കുവാനും നിർദേശങ്ങൾ നൽകുവാനും എല്ലാ ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
അണികളുടെ പ്രവർത്തനങ്ങൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം സ്ക്വാഡ് വിലയിരുത്തും. ജില്ലാ കമ്മറ്റിയുടെ മേൽനോട്ടവും ഇതിനുണ്ടാകും. സംസ്ഥാന കമ്മറ്റികളിലേക്ക് ഇതിന്റെ റിപ്പോർട്ട് നൽകും. മുൻപ്, പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തിയ അണികളെ പ്രചാരണത്തിൽ നിന്നും മാറ്റി നിർത്തേണ്ടി വന്നാൽ അങ്ങനെ ചെയ്യുവാനും നിർദേശമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളിൽ കയറി ഇറങ്ങുന്നവർ പ്രകോപനപരമായി സംസാരിച്ചാലും സംയമനം പാലിക്കണം. വീട്ടുകാരോട് പേരും പാർട്ടിയിലെ സ്ഥാനവും പറഞ്ഞതിനു ശേഷമായിരിക്കണം സംസാരിക്കേണ്ടത്. മധ്യപിച്ചും ആയുധങ്ങളുമായും രാത്രിയിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ പോകരുത്. പെട്രോളിങ്ങിലുള്ള പൊലീസുകാർ ചോദിച്ചാൽ കൃത്യമായ വിവരങ്ങൾ നൽകണം. എതിർപാർട്ടിയിൽ ഉള്ളവരും ഒരേ സ്ഥലത്ത് പോസ്റ്ററുകൾ ഒട്ടിക്കുവാൻ എത്തിയാൽ പ്രകോപനപരമായ പ്രവർത്തികൾ ഉണ്ടാവരുത് എന്ന നിർദേശവുമുണ്ട്.