ചെന്നൈ: വയനാട് മണ്ഡലത്തിൽ സി പി എമ്മിനെതിരെയാണ് മത്സരിക്കുന്നത് എങ്കിലും ഇന്ന് മധുരയിൽ രാഹുൽ ഗാന്ധി സി പി എം സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കും. തമിഴ്നാട്ടിൽ ഐ ഡി എം കെ ബി ജെ പി സഖ്യത്തിനെതിരെയുള്ള ഡി എം കെ കോൺഗ്രസ് സഖ്യത്തിൽ സി പി എമ്മും കക്ഷിയാണ് എന്നതിനാലാണ് സി പി എം സ്ഥാനാർത്ഥിക്കായി രാഹുൽ വോട്ട് ചോദിക്കുന്നത്.
മധുരയിൽ സി പി ഐ എം സ്ഥാനാത്തി യു വെങ്കിടേഷിന് വേണ്ടി രാഹുൽ ഗാന്ധി വോട്ട് അഭ്യർത്ഥിക്കും വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ നടക്കുന്ന വെങ്കിടേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിൽ മധുര, കൊയമ്പത്തൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് സി പി എം മത്സരിക്കുന്നത്. തിരുപ്പൂർ, നാഗപട്ടണം എന്നീ മണ്ഡലങ്ങളിൽ സി പി ഐയും മത്സരിക്കുന്നുണ്ട്.
അതേസമയം കേരളത്തിൽ കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമണം ശക്തമാക്കി. രാഹുൽ ഗന്ധിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ കാവൽക്കാരനും കള്ളനാണ് എന്ന് വിമർശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ഇടതുപക്ഷത്തിനെതിര തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒരുവാക്ക് പോലും പറയില്ല എന്ന് രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.