വീരപഴശ്ശിയെ മോദി അറിയുമോ?വയനാടിനെതിരെയുള്ള വർഗ്ഗീയ പരാമർശത്തിൽ ചരിത്രം വിളിച്ചുപറഞ്ഞ് കോൺഗ്രസിന്റെ മറുപടി
മഹാരാഷ്ട്ര വാര്‍ധയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കനത്ത മറുപടിയുമായി കോണ്‍ഗ്രസ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാടെന്നും മോദിക്ക് അത് അറിയുമോയെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. മോദി ദക്ഷിണേന്ത്യയോട് മാപ്പ് പറയണം. പ്രധാനമന്ത്രി രാജ്യത്തിന്റെ മതേതരത്വത്തെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ പാരമ്പര്യമുള്ള വയനാട്ടിലെ ജനങ്ങളുടെ പാരമ്പര്യത്തെയാണ് മോദി വാര്‍ധാ പ്രസംഗത്തില്‍ അധിക്ഷേപിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കര്‍മ്മഭൂമിയാണ് വയനാട്. മോദിക്ക് അതിനേക്കുറിച്ച് അറിയുമോ? രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ അപമാനിക്കുന്ന നിലയിലേക്ക് വരെ മോദി എത്തിച്ചേര്‍ന്നു. വെറുപ്പിന്റെ വിത്തുകള്‍ വിതച്ച് വിലകുറഞ്ഞ രാഷ്ട്രീയമാണ് മോദി കളിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ദക്ഷിണേന്ത്യയില്‍ ജീവിക്കുന്നില്ലേ? രാഹുല്‍ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മതത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷകളുടേയും പേരില്‍ രാജ്യത്തെ ഭിന്നിക്കലാണ് മോഡിയുടെ ലക്ഷ്യം. മതപരമായി ജനത്തെ വേര്‍തിരിച്ചതിലൂടെ മോഡി ജന പ്രതിനിധി നിയമത്തിന്റെ 123ആം വകുപ്പ് ലംഘിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്ത് മത്സരിക്കാന്‍ ഓടിപ്പോയെന്നും മോദി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ വര്‍ഗീയ പ്രസ്താവന. മഹാരാഷ്ട്ര വാര്‍ധയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.