റോഡ് ഷോ; പരുക്കേറ്റ മാധ്യമപ്രവർത്തകർക്ക് കൈത്താങ്ങായി രാഹുൽ, ചെരുപ്പുമായി പ്രിയങ്ക പിറകിൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ ഇന്ത്യ എഹെഡ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ റിക്‌സണ്‍ ഉമ്മനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
റോഡ് ഷോയ്ക്കിടെ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകനെ അനുഗമിക്കുന്ന രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ ഇന്ത്യ എഹെഡ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ റിക്‌സണ്‍ ഉമ്മനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റിക്‌സന്റെ ഷൂസുകള്‍ രണ്ടും കൈയില്‍ പിടിച്ച് പ്രിയങ്കാ ഗാന്ധി അനുഗമിക്കുന്നതും ഇടയ്ക്ക് താഴെ വീണ ചെരുപ്പുകള്‍ എടുക്കുന്നതും തിരിച്ചേല്‍പിക്കുന്നതും വീഡിയോയില്‍ കാണാം.
പ്രിയങ്കാ ഗാന്ധിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ് രാഹുല്‍ വയനാട് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് തുറന്ന വാഹനത്തിലാണ് കളക്ടറേറ്റിലേക്ക് എത്തിയത്. രാഹുലിന്റെ വരവ് കാത്തു നിന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്.
ജില്ലാ കളക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് സംസ്ഥാന നേതാക്കള്‍ക്കൊപ്പം രാഹുലും പ്രിയങ്കയും കല്‍പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ എത്തിയിരുന്നു. നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം തിരിച്ച് കരിപ്പൂരിലെത്തിയ രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോയി. പ്രിയങ്ക ഡല്‍ഹിയിലേക്ക് മടങ്ങി.