Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശക്കടലിൽ വയനാട്; രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

ഇന്ന് രാവിലെ 11 മണിയോടെയാണ് കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്.

ആവേശക്കടലിൽ വയനാട്; രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു
, വ്യാഴം, 4 ഏപ്രില്‍ 2019 (12:00 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.പ്രിയങ്കാ ഗാന്ധിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പാണ് രാഹുല്‍ കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്.
 
ഇന്ന് രാവിലെ 11 മണിയോടെയാണ് കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് തുറന്ന വാഹനത്തിലാണ് കളക്ടറേറ്റിലേക്ക് എത്തിയത്. രാഹുലിന്റെ വരവ് കാത്തു നിന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്. ഇന്ന് രാവിലെ മുതല്‍ രാഹുലിനായി റോഡുകളില്‍ കാത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല കെസി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും രാഹുലിനൊപ്പമുണ്ട്.
 
ജില്ലാ കളക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചതിന് ശേഷം പ്രവര്‍ത്തകരോടൊപ്പം രാഹുലും പ്രിയങ്കയും കല്‍പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.
 
കര്‍ശന സുരക്ഷയാണ് നഗരത്തില്‍ മുഴുവന്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടാകും. എസ്പിജി എഐജി ഗുര്‍മീത് ഡോറ്ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ഒപ്പം ആയിരത്തിലധികം പൊലീസും തണ്ടര്‍ബോള്‍ട്ടും ക്യാമ്പ് ചെയ്യുന്നുണ്ട്
 
നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്‍ഹിയിലേക്കാകും മടങ്ങുക. നേരത്തെ ഡിസിസി ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാണ് യോഗം റദ്ദാക്കിയിരുന്നു.
 
ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയത്. പ്രിയങ്ക ഗാന്ധി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി രാത്രി തന്നെ രാഹുല്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് രാഹുലിന്റെ വയനാട്ടിലെ പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്രിക സമർപ്പിക്കാൻ കെ സുരേന്ദ്രൻ എത്തി, ചങ്കായി കൂട്ടിന് ചെമ്പ് മോഷണ കേസിലെ പ്രതി!