കേസുകളുടെ എണ്ണം കൂടി; വീണ്ടും പത്രിക നൽകാനൊരുങ്ങി ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും
40 കേസുകളാണ് ശോഭാ സുരേന്ദ്രനെതിരെയുള്ളത്.
പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനു പുറമേ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ത്താലും അക്രമസംഭവങ്ങളുമായും ബന്ധപ്പെട്ട കേസുകള്‍ കൂടിയതിനാലാണ് ഇരുവരും പത്രിക വീണ്ടും സമര്‍പ്പിക്കുന്നത്.
40 കേസുകളാണ് ശോഭാ സുരേന്ദ്രനെതിരെയുള്ളത്. ആറ്റിങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭ പുതിയ കേസുകളുടെ വിവരങ്ങള്‍ കൂടി നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തി പുതിയ പത്രിക നല്‍കും.
ഏഴു കേസുകള്‍ ഉണ്ടെന്നാണ് എ എന്‍ രാധാകൃഷ്ണന്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ 146 കേസുകള്‍ കൂടിയാണ് എ.എന്‍ രാധാകൃഷ്ണനെതിരെയുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനും പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്നത്.
കെ സുരേന്ദ്രനും ഇന്ന് പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 20 കേസുകള്‍ തനിക്കെതിരെയുണ്ടെന്നാണ് കെ സുരേന്ദ്രന്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ 29ആം തിയ്യതി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.