സ്വത്ത് കൂടുതൽ പി വി അൻവറിന്, കുറവ് സാനുവിനും; കേസുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം കെ സുരേന്ദ്രൻ, തൊട്ടു പിന്നാലെ ഡീൻ കുര്യാക്കോസ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ പ്രധാന മുന്നണി സ്ഥാനാര്‍ഥികളില്‍ സമ്പാദ്യം ഏറ്റവും കൂടുതലുള്ളതും കുറവുള്ളതും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ പ്രധാന മുന്നണി സ്ഥാനാര്‍ഥികളില്‍ സമ്പാദ്യം ഏറ്റവും കൂടുതലുള്ളതും കുറവുള്ളതും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക്. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പിവി അന്‍വറാണ് സമ്പാദ്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. 56.93 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. മലപ്പുറത്തെ ഇടത് സ്ഥാനാര്‍ഥിയായ വിപി സാനുവാണ് കണക്കില്‍ പിന്നിൽ. 2422 രൂപയും അഞ്ചു ഗ്രാം സ്വര്‍ണവും മാത്രമാണ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ സാനുവിന്റെ സമ്പാദ്യം.
കണക്കുകള്‍ പ്രകാരം കോടികളുടെയും ലക്ഷങ്ങളുടെയും സ്വത്തുക്കളുള്ളവരാണ് മുന്‍നിര സ്ഥാനാര്‍ഥികളേറെയും. സമ്പാദ്യത്തില്‍ രണ്ടാം സ്ഥാനത്ത് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ്. 42.71 കോടി. മൂന്നാമത് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരും 35 കോടി. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന്റെ സമ്പാദ്യം നാലു ഗ്രാം സ്വര്‍ണവും 12,100 രൂപയുമാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 15.88 കോടി, അടൂര്‍ പ്രകാശ് -14.40 കോടി, കെ. മുരളീധരന്‍ -8.8 കോടി, അല്‍ഫോണ്‍സ് കണ്ണന്താനം -7.26 കോടി, സുരേഷ് ഗോപി -6.76 കോടി, കുഞ്ഞാലിക്കുട്ടി -5.56, ഇന്നസെന്റ് -4.80, എ. സമ്പത്ത് -3.10 കോടി, ബെന്നി ബെഹനാന്‍ -2.58 കോടി, വി.ടി. രമ -2.57 കോടി, കെ. സുധാകരന്‍ -2.44 കോടി, പി.സി. തോമസ് -2.38 കോടി, തോമസ് ചാഴികാടന്‍ -2.09 കോടി, പി. രാജീവ് -1.95 കോടി, ഷാനിമോള്‍ ഉസ്മാന്‍ -1.94 കോടി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ -1.74 കോടി, പി.കെ. ശ്രീമതി -1.72 കോടി, ജോയ്‌സ് ജോര്‍ജ് -1.62 കോടി, കൊടിക്കുന്നില്‍ സുരേഷ് -1.6 കോടി, എ.എന്‍. രാധാകൃഷ്ണന്‍ -1.38 കോടി, ഡോ. രാധകൃഷ്ണന്‍ -1.36 കോടി, ഉണ്ണികൃഷ്ണന്‍ -1.36 കോടി, വീണാ ജോര്‍ജ് -1.24 കോടി, എന്‍.കെ. പ്രേമചന്ദ്രന്‍ -1.19 കോടി, ബിജുകൃഷ്ണന്‍ -1.37 കോടി, പി. ജയരാജന്‍ -1.09 കോടി ഇങ്ങനെ പോകുന്നു കോടിപതികളായ സ്ഥാനാര്‍ഥികളുടെ പേരുകൾ.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത് -243 എണ്ണം. 203 കേസുകളുമായി ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് തൊട്ടുപിന്നിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരില്‍ 40 കേസുകളുണ്ട്. പി. ജയരാജന്‍ 10, കെ.പി. പ്രകാശ് ബാബു (കോഴിക്കോട് ബി.ജെ.പി) -17, വിപി സാനു -ഒമ്പത്, എംബി. രാജേഷ് -10, സി. കൃഷ്ണകുമാര്‍ (ബി.ജെ.പി-പാലക്കാട്) -10, ടി.എന്‍. പ്രതാപന്‍ -ഏഴ്, ഹൈബി ഈഡന്‍ -ആറ്, എന്‍.കെ. പ്രേമചന്ദ്രന്‍ -ആറ്, അടൂര്‍ പ്രകാശ് -ഒമ്പത്, രാഹുല്‍ ഗാന്ധി -അഞ്ച്, തുഷാര്‍ വെള്ളാപ്പള്ളി -ആറ് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ കേസിന്റെ കണക്കുകൾ.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എ. സമ്പത്ത്, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാർ, വി.എന്‍. വാസവന്‍, ഇന്നസെന്റ്, രാജാജി മാത്യൂസ്, പി.കെ. ബിജു, പികെ. ശ്രീമതി, പി.പി. സുനീര്‍ എന്നിവര്‍ക്കെതിരെയും യുഡിഎഫിലെ ഇടി. മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരെയും കേസുകളില്ല.