മഹാത്മാഗാന്ധിയുടെ ജീവിതം ആധാരമാക്കി അനേകം സിനിമകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഗാന്ധിജിയുടെ സംഭവ ബഹുലമായ ജീവിതത്തെ ചലച്ചിത്ര രൂപത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നതില്‍ കൂടുതല്‍ വിജയിച്ചിരിക്കുന്നത് വിദേശ ചലച്ചിത്രകാരന്‍മാര്‍ ആണെന്ന് നിസംശയം പറയാം.
ഓസ്‌കര്‍ നോമിനേഷനില്‍ 11 എണ്ണം ലഭിക്കുകയും എട്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത റിച്ചാര്‍ഡ് ആറ്റന്‍ബെറോയുടെ ‘ഗാന്ധി’ തന്നെയാണ് ഗാന്ധി സിനിമകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നത്. 1982ല്‍ ചിത്രീകരിച്ച ആ ചിത്രം മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ചതായിരുന്നു.
വളരെയധികം കഷ്ടപ്പാടുകളിലൂടെ പൂര്‍ത്തിയാക്കിയ ‘ഗാന്ധി’ക്ക് ലഭിച്ച എട്ട് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രയത്നത്തിനുള്ള അംഗീകാരമായിരുന്നു. മഹാത്മാഗാന്ധിയെ പൂര്‍ണ്ണമായി തന്നെ ഉള്‍ക്കൊണ്ട് ബെന്‍ കിംഗ്സ്‌ലി എന്ന നടന്‍ നടത്തിയ അതുല്യ പ്രകടനവും പ്രത്യേകം എടുത്തുപറയണം.
എന്നാല്‍ ഇന്നും ആ സിനിമ ശ്രദ്ധനേടുന്നത് അതിന്‍റെ സാങ്കേതിക തികവ് കൊണ്ടാണ്. ഗാന്ധിജിയുടെ ശവസംസ്‌കാര രംഗം 300000 പേരെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഗാന്ധിവധം പ്രമേയമാക്കി ‘ഹേ റാം’ എന്ന ചിത്രം സംവിധാനം ചെയ്‌ത് കമല്‍ഹാസനും ലോകശ്രദ്ധയാകര്‍ഷിച്ചു. 'ദി ഗാന്ധി മര്‍ഡര്‍’ എന്ന പേരിലും ഒരു സിനിമ ശ്രദ്ധനേടുകയുണ്ടായി.