Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാ‍ലിന്‍റെ ‘ദൃശ്യ’വിസ്മയത്തിന് നാലുവയസ്!

മോഹന്‍ലാ‍ലിന്‍റെ ‘ദൃശ്യ’വിസ്മയത്തിന് നാലുവയസ്!
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:52 IST)
സിനിമയെ സിനിമയായി കാണണമെന്നും അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്നും നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു കാര്യമാണ്. എന്നാല്‍, ചിലപ്പോഴൊക്കെ, ചില സിനിമകള്‍ കാണുമ്പോള്‍ ആ സിനിമ വെറും സിനിമയല്ലെന്ന് തോന്നലുണ്ടാകും. മോഹന്‍ലാല്‍ നായകനായ ‘ദൃശ്യം’ അത്തരത്തിലൊന്നായിരുന്നു. ദൃശ്യം പുറത്തിറങ്ങിയിട്ട് ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാകുകയാണ്.
 
2013 ഡിസംബര്‍ 19നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലര്‍ പുറത്തുവന്നത്. ഒരു സാധാരണ കുടുംബചിത്രം എന്നാണ് ചിത്രം റിലീസാകുന്നതിന് തലേന്നുവരെ ഏവരും കരുതിയത്. റിലീസായി ആദ്യദിവസം തന്നെ സ്ഥിതി മാറി. ഇതൊരു അസാധാരണ ത്രില്ലറാണെന്നും ഇതിന് സമാനമായ ഒരു ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ലെന്നും നമ്മള്‍ തിരിച്ചറിഞ്ഞു. ഫലമോ? ‘ദൃശ്യം’ ഇന്‍ഡസ്ട്രി ഹിറ്റ്.
 
webdunia
ഈ നാലുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും നമ്മള്‍ കേള്‍ക്കുന്നു, ‘ദൃശ്യം മോഡല്‍ ക്രൈം’ എന്ന പ്രയോഗം. ഒരു കുറ്റകൃത്യം ഒളിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്ന സമയങ്ങളിലൊക്കെ നമ്മള്‍ ദൃശ്യം പരാമര്‍ശിക്കുന്നു. എന്തിന്, ‘ഓഗസ്റ്റ് 2’ എന്ന ഡേറ്റ് പോലും ഇപ്പോഴും ആളുകള്‍ ഓര്‍മ്മിക്കുന്നത് ‘ജോര്‍ജ്ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം’ എന്നാണ്!. അന്നാണ് ഐജി ഗീതാ പ്രഭാകറിന്‍റെ മകന്‍ വരുണ്‍ പ്രഭാകര്‍ കൊല്ലപ്പെട്ടത്(കാണാതായത്!).
 
വെറും 44 ദിവസം കൊണ്ടായിരുന്നു ജീത്തു ജോസഫ് ദൃശ്യം ചിത്രീകരിച്ചത്. സുജിത് വാസുദേവായിരുന്നു ഛായാഗ്രാഹകന്‍. ചിത്രീകരണ സമയത്ത് ജീത്തു ജോസഫിന് പലപ്പോഴും തോന്നിയിരുന്നത്രേ, മോഹന്‍ലാല്‍ വേണ്ടത്ര അഭിനയിക്കുന്നില്ല എന്ന്. യഥാര്‍ത്ഥത്തില്‍ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രമായി ബിഹേവ് ചെയ്യുകയായിരുന്നു മോഹന്‍ലാല്‍ എന്ന് തിരിച്ചറിയാന്‍ പോലും ജീത്തുവിന് സമയമെടുത്തു!
 
webdunia
മലയാളത്തില്‍ 50 കോടി ക്ലബില്‍ പ്രവേശിക്കുന്ന ആദ്യ ചിത്രമായി ദൃശ്യം മാറി. മൊത്തം കളക്ഷന്‍ 75 കോടി കടക്കുകയും ചെയ്തു. കേരളക്കരയാകെ 150 ദിവസം തകര്‍ത്തോടി. പിന്നീട് 2016ല്‍ മോഹന്‍ലാലിന്‍റെ തന്നെ പുലിമുരുകന്‍ ആണ് ഈ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തത്.
 
ജനപ്രീതിയും കലാമേന്‍‌മയുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയെടുത്ത ദൃശ്യം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. കമല്‍ഹാസന്‍ നായകനായ തമിഴ് റീമേക്ക് ‘പാപനാശം’ സംവിധാനം ചെയ്തത് ജീത്തു ജോസഫ് തന്നെയായിരുന്നു.
 
webdunia
ചിത്രത്തിലെ നായകനായി ജീത്തു ജോസഫ് ആദ്യം മമ്മൂട്ടിയെയാണ് മനസില്‍ കണ്ടത്. എന്നാല്‍ മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മോഹന്‍ലാലിലേക്ക് ദൃശ്യം എത്തുകയും അത് അദ്ദേഹത്തിന്‍റെ കരിയറിലെ ബ്രഹ്മാണ്ഡവിജയങ്ങളിലൊന്നാവുകയും ചെയ്തു. കലാഭവന്‍ ഷാജോണിന്‍റെ വില്ലന്‍ കഥാപാത്രവും ആശാ ശരത്തിന്‍റെ പൊലീസ് വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
ജീത്തു ജോസഫിന്‍റെ ഏത് ചിത്രം പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ അതിനെ ദൃശ്യത്തോട് താരതമ്യപ്പെടുത്തുന്നു. അതുതന്നെയാണ് ജീത്തു ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുട്ടികളല്ലേടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ' - ഇതായിരുന്നു പാർവതി വിഷയത്തിൽ മമ്മൂട്ടിയുടെ പ്രതികരണം