Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ജി കൃഷ്‌ണമൂര്‍ത്തിക്കും ന്യൂ ഡെല്‍‌ഹിക്കും 33 വയസ് !

മമ്മൂട്ടിയുടെ ജി കൃഷ്‌ണമൂര്‍ത്തിക്കും ന്യൂ ഡെല്‍‌ഹിക്കും 33 വയസ് !

കെ ആര്‍ അനൂപ്

, വെള്ളി, 24 ജൂലൈ 2020 (16:36 IST)
ജി കൃഷ്ണമൂര്‍ത്തി. ന്യൂഡല്‍ഹി ഡയറി ചീഫ് എഡിറ്റര്‍. വിശ്വനാഥ് എന്ന പേരില്‍ എപ്പോഴും എക്സ്ക്ലുസീവ് ന്യൂസുകള്‍ വായനക്കാര്‍ക്ക് നല്‍കുന്ന സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍. ഇതിന്‍റെയെല്ലാം മറവില്‍ പകയോടെ മരണങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ക്രിമിനല്‍ മൈന്‍ഡ്.
 
മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും പവര്‍ഫുളായ കൊമേഴ്സ്യല്‍ അവതാരം - ജി കൃഷ്ണമൂര്‍ത്തി വീണ്ടും എത്തുമോ? ആ ചോദ്യം കഴിഞ്ഞ ദിവസം കൂടി ഉയര്‍ന്നുകേട്ടു. ജൂലൈ 24ന് ന്യൂ ഡെല്‍ഹി എന്ന വിസ്‌മയ ചിത്രം പിറന്നിട്ട് 33 വര്‍ഷങ്ങള്‍ തികയുകയാണ്.
 
മമ്മൂട്ടിയെ തകര്‍ച്ചയില്‍ നിന്ന് മെഗാസ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ന്യൂ ഡെല്‍ഹി. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നാലു ചിത്രങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു നില്‍ക്കുന്ന സമയം. ഇര്‍വിങ് വാലസിന്‍റെ ‘ഓള്‍മൈറ്റി’ എന്ന നോവലിനെ ആധാരമാക്കി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതി - ന്യൂ ഡെല്‍ഹി. മമ്മൂട്ടിയെ നായകനാക്കി ഈ സിനിമയെടുക്കണമെന്നായിരുന്നു ജോഷിയുടെയും ഡെന്നിസ് ജോസഫിന്‍റെയും ആഗ്രഹം. എന്നാല്‍ പലരും എതിര്‍ത്തു - ‘പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന ഈ നടനെ നായകനാക്കിയാല്‍ സിനിമ ആരുകാണും?’ എന്നായിരുന്നു അവരുടെ ചോദ്യം.
 
എന്നാല്‍ നിര്‍മ്മാതാവ് ജൂബിലി ജോയി റിസ്കെടുക്കാന്‍ തയ്യാറായി. ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ അഭിനയിപ്പിച്ച് 17 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്. ന്യൂ ഡെല്‍ഹിയുടെ റിലീസിനെ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. സ്റ്റാര്‍വാല്യു ഇല്ലാത്ത ഒരു നടന്‍റെ സിനിമ മറ്റ് നല്ല ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്യേണ്ടതില്ലെന്നായിരുന്നു സിനിമാ പണ്ഡിതരുടെ അഭിപ്രായം. എന്തായാലും അവിടെയും ജൂബിലി ജോയി ധൈര്യം കാട്ടി. 1987 ജൂലൈ 24ന് ‘ന്യൂ ഡെല്‍ഹി’ റിലീസ് ചെയ്തു.
 
പിന്നീടുണ്ടായത് ചരിത്രം. ന്യൂ ഡെല്‍ഹിക്ക് ഒപ്പമിറങ്ങിയ ചിത്രങ്ങളൊക്കെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടിയില്‍ തിരികെ കയറിയപ്പോള്‍ ന്യൂ ഡെല്‍ഹി മലയാളക്കരയില്‍ കൊടുങ്കാറ്റായി മാറി. ‘ജികെ’ തരംഗമായി. സ്വന്തമായി സ്റ്റണ്ട് രംഗങ്ങളില്ലാത്ത, ഒരു കാലിനും ഒരു കൈയ്ക്കും സ്വാധീനമില്ലാത്ത നായകന്‍റെ ഹീറോയിസം മലയാള പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തു. മലയാള സിനിമയില്‍ ട്രെന്‍ഡ് സെറ്ററായ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. റീമേക്ക് അവകാശം വിറ്റതുവഴി മാത്രം 42 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്.
 
അത്തവണത്തെ ദേശീയ അവാര്‍ഡിന് അവസാന റൌണ്ടില്‍ കമലഹാസന്‍ ‘നായകന്‍’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്‍‌ഹിയായിരുന്നു. കമല്‍ മികച്ച നടനായി മാറിയെങ്കിലും ദേശീയ തലത്തില്‍ മമ്മൂട്ടിയുടെ ‘ജി കെ’ എന്ന കഥാപാത്രം പ്രകീര്‍ത്തിക്കപ്പെട്ടു.
 
മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, വിജയരാഘവന്‍, സിദ്ദിഖ്, ദേവൻ, ത്യാഗരാജന്‍, ഉർവശി, സുമലത തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ 5: രണ്‍ജി പണിക്കര്‍ റെഡി !