Mammootty: 'നീ എന്താണ് മമ്മൂട്ടിയെപ്പറ്റി വിചാരിച്ചിരിക്കുന്നത്': ശ്രീരാമനോട് ചൂടായ മമ്മൂട്ടി!
മമ്മൂട്ടിയുടെ രസകരമായ പല കഥകളും ശ്രീരാമൻ മുമ്പും പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് വി.കെ ശ്രീരാമൻ. കഴിഞ്ഞ ദിവസം മമ്മൂട്ടി രോഗാവസ്ഥയിൽ നിന്നും തിരിച്ചുവരുന്നതിന്റെ സന്തോഷം പങ്കിട്ട ശ്രീരാമന്റെ കുറിപ്പ് വൈറലായിരുന്നു. മമ്മൂട്ടിയെന്ന മനുഷ്യനെ പൂർണമായും അറിയാവുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് അദ്ദേഹം. മമ്മൂട്ടിയുടെ രസകരമായ പല കഥകളും ശ്രീരാമൻ മുമ്പും പറഞ്ഞിട്ടുണ്ട്.
ആദ്യം കടുപ്പിച്ച് സംസാരിക്കുമെങ്കിലും പിന്നീടൊരു മഞ്ഞുപോലെ അലിയുന്ന ആളാണ് മമ്മൂട്ടിയെന്നാണ് ശ്രീരാമൻ പറയുന്നത്. ഇപ്പോഴിതാ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അതുപോലൊരു അനുഭവം പങ്കിടുകയാണ് ശ്രീരാമൻ. ടി.വി ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാമോ? കഥ കേൾക്കാമോ എന്ന ചോദ്യത്തിന് ആദ്യം മമ്മൂട്ടി തന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് ശ്രീരാമൻ ഓർത്തെടുക്കുന്നു.
'ടിവി ചന്ദ്രന്റെ സിനിമയിൽ മൂപ്പരുടെ ഡേറ്റ് വേണമെന്ന് പറഞ്ഞപ്പോൾ എന്നെ ചീത്ത പറഞ്ഞു. നീ എന്താണ് മമ്മൂട്ടിയെപ്പറ്റി വിചാരിച്ചിരിക്കുന്നത്? ബീഡിയും വലിച്ച് നടക്കുന്ന ഇവന്റെ സിനിമയിൽ ഞാൻ അഭിനയിക്കുമെന്നോ? നീ എന്താണ് മമ്മൂട്ടിയെപ്പറ്റി വിചാരിച്ചിരിക്കുന്നതെന്ന് പറ! ഞാൻ പറഞ്ഞു, നിങ്ങൾ നടനും അയാൾ സംവിധായകനുമാണ്. അയാൾ കഥ പറയുമ്പോൾ നിങ്ങൾ ഇഷ്ടമായില്ല എന്ന് പറഞ്ഞോളൂ, എന്തിനാണ് എന്റെ മെക്കിട്ട് കേറുന്നതെന്ന് ഞാൻ ചോദിച്ചു.
സുലുതാത്തയുണ്ട് അപ്പോൾ കൂടെ. അവർ ചായയിട്ടു കൊണ്ടിരിക്കെ തന്നെ ശ്രീരാമേട്ടൻ പറയുന്നത് ശരിയല്ലേ വേണ്ടെങ്കിൽ വേണ്ടെന്ന് പറഞ്ഞാൽ പോരെയെന്ന് ചോദിച്ചു. ഓ നീയൊക്കെ ബുദ്ധി ജീവിയാണല്ലോ, നിങ്ങൾ ബുദ്ധി ജീവികളുടെ സിനിമയിൽ ഞാൻ അഭിനയിക്കണോ എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തോട് വരാൻ പറയൂ എന്നൊക്കെ പറഞ്ഞ് കളിയാക്കി.
രണ്ടും കൽപ്പിച്ച് ഞാൻ ചന്ദ്രനോട് വരാൻ പറഞ്ഞു. ചന്ദ്രൻ കഥ പറയാൻ നേരെ അദ്ദേഹം ചെറുതായി ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ പുറത്തിറങ്ങി. അവസാനം എനിക്ക് അഭിനയിക്കാൻ പറ്റില്ല എന്ന് അദ്ദേഹം പറയുന്നത് കാണ്ടല്ലോ എന്ന് കരുതിയാണ്. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു. എന്റെ റൂമിലേക്ക് വിളി വന്നു. എടാ ആ കഥ തരക്കേടില്ലല്ലോ, അയാളും എന്ന് പറഞ്ഞു.
അവൻ ആ കഥ മുഴുവൻ അത്രനേരവും നിന്നാണ് പറഞ്ഞത്. അത് അദ്ദേഹത്തിന് ഇഷ്ടമായി. കഥയും ഇഷ്ടമായി. അങ്ങനെയാണ് ആ സിനിമയ്ക്ക് ഡേറ്റ് കൊടുക്കുന്നത്. അത്രയേയുള്ളൂ അദ്ദേഹം. ആദ്യത്തെ വർത്തമാനം കേട്ടാൽ നമ്മൾ കരുതും ജീവിതത്തിൽ നേരെയാകില്ല എന്ന്'' എന്നാണ് വികെ ശ്രീരാമൻ പറയുന്നത്.