മഹാരാഷ്ട്രയിൽ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് 22 കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്‌സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചോർച്ചയുണ്ടായത്.
വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരണപ്പെട്ടതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു.
ടാങ്ക് ചോർച്ചയെ തുടർന്ന് അര മണിക്കൂറോളമാണ് ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടത്. ഓക്‌സിജൻ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികൾ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി