പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തികളിൽ ആക്രമണം ശക്തമാക്കി പാകിസ്ഥാൻ. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും കനത്ത വെടിവെപ്പിലും 3 നാട്ടുകാർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക് പ്രകോപനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
പുതിയ സംഭവവികാസങ്ങളെ തുടർന്ന് ജമ്മു കശ്മീരിലെ അഞ്ച് അതിർത്തി ജില്ലകളിൽ ഇന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു, സാംബ, കതുവ, രജൗരി,പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളും കോളേജുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും.