ബറേലി: മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വധുവിന്റെ ഉറ്റ സുഹൃത്തിനെ താലിച്ചാര്‍ത്തിയതിനെ ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്. മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ സുഹൃത്തിനെ താലികെട്ടിയതോടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കസേരകളും മറ്റും ഉപയോഗിച്ച് സംഘര്‍ഷമായി മാറിയതോടെ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. വരനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹചടങ്ങിന് വരനും കൂട്ടരും വൈകിയാണ് എത്തിയതെന്നും വിവാഹത്തിന് മുന്‍പായി വരന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും വധുവിന്റെ വീട്ടുകാര്‍ പറയുന്നു. വരന് സ്ത്രീധനമായി വിവാഹദിവസം 2 ലക്ഷം നല്‍കിയതിന് പുറമെയാണ് കൂടുതല്‍ തുക ആവശ്യപ്പെട്ടത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മാല അണിയിച്ചത്. ഇതോടെ വധു യുവാവിനെ അടിക്കുകയും വിവാഹത്തിന് സമ്മതിക്കാതെ വേദിയില്‍ നിന്നും ഇറങ്ങിപോകുകയും ചെയ്തു. പിന്നീട് ഇരുവീട്ടുകാരും തമ്മിലുള്ള അംഘര്‍ഷമായി ഇത് മാറിയതോടെയാണ് പോലീസെത്തി വരനെ അറസ്റ്റ് ചെയ്യുകയും വരന്റെ വീട്ടുകാരെ തിരിച്ചയക്കുകയും ചെയ്തത്.
വിവാഹത്തിനായി 10 ലക്ഷം രൂപ ചെലവാക്കിയതായി വധുവിന്റെ വീട്ടുകാര്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതില്‍ അതൃപ്തരായത് കൊണ്ട് തങ്ങളുടെ കുടുംബത്തെ അപമാനിക്കാനാണ് വരന്‍ ഇങ്ങനെ ചെയ്തതെന്നും വധുവിന്റെ വീട്ടുകാര്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ വരനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെ കേസെടുത്തിട്ടുണ്ട്.