മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവികുട്ടി എന്ന നായിക കഥാപാത്രത്തെ അനശ്വരമാക്കിയ നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ കൂടി അവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിത സംവിധായിക കൂടിയാണ് നിർമ്മല.
ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോഡിനുടമയാണ് വിജയ നിര്‍മ്മല. വിവിധ ഭാഷകളിലായി 44 സിനിമകളാണ് സംവിധാനം ചെയ്തത്. ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. ശിവാജി ഗണേഷനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരില്‍ ഒരാള്‍ കൂടിയായിരുന്നു ഇവര്‍.
2009ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. വിജയകൃഷ്ണ മൂവീസ് എന്ന നിര്‍മ്മാണ കമ്പനി രൂപീകരിച്ച് 15 സിനിമകളും നിര്‍മ്മിച്ചു.