സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിതമാക്കാനുള്ള തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ്, മറാത്തി ഭാഷകള്‍ക്കൊപ്പം ഹിന്ദി കൂടി ഉള്‍പ്പെടുത്തിയുള്ള തീരുമാനമാണ് കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചത്. തീരുമാനം പിന്‍വലിക്കുന്നതായി ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അതേസമയം ത്രിഭാഷ നയം എപ്രകാരം പ്രയോഗത്തില്‍ വരുത്താമെന്നതില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഫട്‌നാവിസ് വ്യക്തമാക്കി.
3 മാസത്തിനുള്ളില്‍ നിര്‍ദേശം നല്‍കാനാണ് ഡോ നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് നല്‍കിയ നിര്‍ദേശം. നേരത്തെ ഒന്നാം ക്ലാസ് മുതല്‍ ത്രിഭാഷ നയം പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്.ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ മറാത്തിക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദി നിര്‍ബന്ധമാക്കാനായിരുന്നു ഏപ്രിലില്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ശിവസേന, എംഎന്‍എസ്, എന്‍സിപി(എസ്പി) അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂലൈ 5ന് സംയുക്ത മാര്‍ച്ചിന് ശിവസേന ആഹ്വാനം ചെയ്തിരുന്നു.