അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന ആമയെ തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ മുതല പാർക്കിൽ നിന്നും കാണാതായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നായ ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ നിന്നും കാണാതായത്.
ഗാലപ്പഗോസ് ആമകൾക്ക് ശേഷം വലിപ്പത്തിൽ രണ്ടാം സ്ഥാനക്കാരാണ് ആല്‍ഡാബ്ര ആമകള്‍. 150 വര്‍ഷം വരെ ആയുസുള്ള ഇവയ്ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. തമിഴ്‌നാട്ടിൽ നിന്നും കാണാതായാമയ്‌ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം കണക്കാക്കുന്നത്. ആറാഴ്‌ച്ച മുൻപേ മോഷണം നടന്നുവെങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടത്.
പാര്‍ക്കിനുള്ളിലുള്ളവര്‍ അറിയാതെ മോഷണം നടക്കില്ലെന്നാണ് പോലീസ് പറയുന്നത്. പാര്‍ക്കിലെ ജീവനക്കാരെ ഉള്‍പ്പെടെ പോലീസ് ചോദ്യംചെയ്തു. നിരീക്ഷണക്യാമറയിൽ മോഷ്‌ടാക്കൾ കുടുങ്ങാത്തതിനാൽ കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് മോഷണം നടന്നത് എന്നാണ് വ്യക്തമാകുന്നത്