കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
വിഷയം പ്രധാനമന്ത്രിയുമായി അമിത് ഷാ ചര്‍ച്ച ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നല്‍കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. വിഷയം പ്രധാനമന്ത്രിയുമായി അമിത് ഷാ ചര്‍ച്ച ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.
ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയ തലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണ്ടിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വ്വമായ നിലപാട് എടുക്കാമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച നടന്നത്.
ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റുചെയ്തത്. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ഇടതുപക്ഷ പ്രതിനിധി സംഘം ചൊവ്വ എത്തിയിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തെ സര്‍ക്കാരും എതിര്‍ത്തു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ഉള്ളതിനാല്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു.