ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
ഇറാന്‍ എണ്ണ വില്പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം ഉണ്ടാക്കാനും വിനിയോഗിക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി.
ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ആകെ 20 കമ്പനികള്‍ക്കാണ് ബുധനാഴ്ച അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്‍ എണ്ണ വില്പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം ഉണ്ടാക്കാനും വിനിയോഗിക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി.
ഉപരോധം നിലവില്‍ വരുന്നതോടെ ഈ കമ്പനികള്‍ക്ക് അമേരിക്കയിലുള്ളതോ അമേരിക്കന്‍ പൗരന്മാരുടെ നിയന്ത്രണത്തില്‍ ഉള്ളതുമായ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. കൂടാതെ ഈ കമ്പനികളുമായി അമേരിക്കന്‍ പൗരന്മാര്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്. അതേസമയം പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക. എണ്ണ പാടങ്ങളുടെ വികസനത്തിനാണ് പാകിസ്ഥാനുമായി അമേരിക്ക കരാറില്‍ ഒപ്പിട്ടത്. അതേസമയം ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നല്‍കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചു.
അതേസമയം അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. 25ശതമാനം താരിഫ് ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ സ്‌കോട്ട്ലാന്‍ഡില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതുവരെ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ സുഹൃത്താണെങ്കിലും മറ്റു രാജ്യങ്ങളെക്കാളും ഇന്ത്യയാണ് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തിയിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. കൂടാതെ തന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇന്ത്യ പാകിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.