APJ Abdul Kalam Death Anniversary: വിദ്യാര്‍ഥികളോട് സംവദിച്ചുകൊണ്ടിരിക്കെ ബോധരഹിതനായി, ഉടന്‍ ആശുപത്രിയിലേക്ക്; ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിനിടെ മരിക്കാന്‍ 'ഭാഗ്യം' ലഭിച്ച കലാം
ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു കലാം. 2002 മുതല്‍ 2007 വരെ അഞ്ച് വര്‍ഷ കാലമാണ് കലാം പ്രസിഡന്റ് കസേരയില്‍ ഇരുന്നത്
APJ Abdul Kalam Death Anniversary: കാലമെത്ര കഴിഞ്ഞാലും ഇന്ത്യ എപിജെ അബ്ദുള്‍ കലാമിനെ മറക്കില്ല. ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതിയായിരുന്നു കലാം. ഇന്ത്യയുടെ മിസൈല്‍ പുരുഷന്‍ എന്ന് കൂടി അറിയപ്പെടുന്ന കലാം ഓര്‍മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കലാമിന്റെ ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മരണം എങ്ങനെയായിരുന്നു എന്ന് ഓരോ ഇന്ത്യക്കാരനും ഓര്‍ക്കും. തനിക്ക് അത്രത്തോളം പ്രിയപ്പെട്ട വേദിയിലാണ് കലാം ബോധരഹിതനായി വീണതും പിന്നീട് മരണത്തിനു കീഴടങ്ങിയതും.
2015 ജൂലൈ 27 നാണ് കലാം അന്തരിച്ചത്. ഷില്ലോങ്ങിലെ ഐഐഎമ്മില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു കലാം. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കലാം ബോധരഹിതനായി വീണു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കലാമിന്റെ മരണം സ്ഥിരീകരിച്ചു. പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിനു കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. മരണത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ഗുവാഹത്തിയിലെ വിമാനത്താവളത്തില്‍ നിന്നുള്ള അബ്ദുള്‍ കലാമിന്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ ചിത്രങ്ങളില്‍ വളരെ സന്തോഷവാനായാണ് കലാമിനെ കാണുന്നത്.
ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു കലാം. 2002 മുതല്‍ 2007 വരെ അഞ്ച് വര്‍ഷ കാലമാണ് കലാം പ്രസിഡന്റ് കസേരയില്‍ ഇരുന്നത്. വിദ്യാര്‍ഥികളോട് സംസാരിക്കാനും സംവദിക്കാനും എന്നും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു കലാം. വിദ്യാര്‍ഥികളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ മരണത്തിലേക്ക് യാത്രയായതും കാലത്തിന്റെ കാവ്യനീതി.