കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്.
കോടതി മുറിയിലെ അതിക്രമശ്രമത്തില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. സംഭവം തികച്ചും അപലപനീയമാണെന്നും കാര്യങ്ങളെ ശാന്തതയോടെ നേരിട്ട ചീഫ് ജസ്റ്റിസിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മോദി പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.
അഭിഭാഷകര്‍ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ അതിക്രമം. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും സംഭവത്തെ അപലപിച്ചു. ഖജുരാഹോയിലെ വിഷ്ണുവിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയാണ് സംഭവം.