വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? ആയുഷ്മാന്‍ ഭാരത് സൗജന്യ പരിരക്ഷ ഇന്നുമുതല്‍, അറിയേണ്ടതെല്ലാം
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം
Ayushman Bharat Health Card
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കു കീഴിലുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്നുമുതല്‍ പ്രാബല്യത്തില്‍. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരിഗണിക്കാതെ 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ചികിത്സാ ചെലവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയാണ് സൗജന്യ പരിരക്ഷ.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം. ആയുഷ്മാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. സിജിഎച്ച്എസ്, ഇസിഎച്ച്എസ്, ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് എന്നീ പദ്ധതികളെ അംഗങ്ങള്‍ക്ക് അതത് പദ്ധതികളില്‍ തുടരുകയോ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചേരുകയോ ചെയ്യാം.
രജിസ്‌ട്രേഷനു വേണ്ടി ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ http://beneficiary.nha.gov.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ അംഗമാകാം. സ്വകാര്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളെ അംഗങ്ങള്‍ക്കും ഇതില്‍ ചേരാം. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക.
നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്‍മാര്‍ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് തുക പങ്കുവെയ്ക്കും. നിലവില്‍ ഇന്‍ഷുറന്‍സ് ഉള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.