'അണികൾ തനിക്കൊപ്പം, വരാനിരിക്കുന്ന റാലി ഡിഎംകെയ്‌ക്ക് മുന്നറിയിപ്പായിരിക്കും': കരുണാനിധിയുടെ വേര്‍പാടിന് പിന്നാലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി അഴഗിരി
'അണികൾ തനിക്കൊപ്പം, വരാനിരിക്കുന്ന റാലി ഡിഎംകെയ്‌ക്ക് മുന്നറിയിപ്പായിരിക്കും': കരുണാനിധിയുടെ വേര്‍പാടിന് പിന്നാലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി അഴഗിരി
കരുണാനിധിയുടെ വേർപാടിന് പിന്നാലെ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരാൻ തയ്യാറായി എം കെ അഴഗിരി. 2014ൽ ഡി എം കെ യിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ഇപ്പോൾ രാഷ്‌ട്രീയത്തിൽ സജീവമാകാൻ റാലിയുമായി ഒരുങ്ങുന്നത്.
സെപ്‌തംബർ അഞ്ചിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം, ഈ റാലി ഡിഎംകെയ്ക്കുള്ള മുന്നറിയിപ്പായിരിക്കുമെന്ന് അഴഗിരി ശനിയാഴ്ച അഭിപ്രായപ്പെട്ടു. തന്റെ സംഘടനാപാടവം എതിരാളികൾ പോലും അംഗീകരിച്ചതാണ്. റാലി കഴിയുമ്പോൾ മറ്റുള്ളവർക്ക് കൂടി അത് മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, പാർട്ടിയിലേക്കുള്ള മടങ്ങിവരവിന് തടസ്സം നിന്നത് സ്‌റ്റാലിൽ ആയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 'കരുണാനിധി ജീവിച്ചിരിക്കെ പാര്‍ട്ടിയില്‍ ഒരു പദവിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടി അധ്യക്ഷനാകാന്‍ സ്റ്റാലിനായിരുന്നു തിടുക്കം. തന്റെ പിതാവിന്റെ ബന്ധുക്കൾ മുഴുവൻ എന്റെ പക്ഷത്താണ്. ഇവർ മാത്രമല്ല, തമിഴ് മക്കളും എന്റെ കൂടെയാണ്, സമയം എല്ലാത്തിനും മറുപടി നൽകുമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മൗനറാലിയാണ് സപ്തംബര്‍ അഞ്ചിന് അഴഗിരി നടത്തുന്നത്. ജനക്കൂട്ടത്തെ അണിനിരത്തി ശക്തിതെളിയിക്കാനുള്ള സന്ദർഭമായും ഈ റാലികൊണ്ട് ലക്ഷ്യമിടുന്നു.