ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ ചെറുക്കുന്നതിനായി രാജ്യത്ത് പുതിയ വാർത്താ സംസ്കാരം ഒരുക്കുകയാണ് ബി ബി സി. ചാറ്റ്ബോട്ട് ടെക്‍നോളജിയുടെ സഹായത്തോടെയുള്ള വോയിസ് ആക്ടിവേറ്റഡ് ന്യൂസ് ബുള്ളറ്റിനാണ് ബി ബി സി പുതുതായി കൊണ്ടുവരുന്നത്. പുതിയ പരിപാടി ബി ബി സിയുടെ ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, പഞ്ചാബി എന്നീ ഇന്ത്യൻ ഭാഷകളിൽ ലഭ്യമായിരിക്കും.
ഏപ്രിൽ 15ന് ആദ്യ വോയിസ് ആക്ടിവേറ്റഡ് ഇന്ററാക്ടിവ് ബുള്ളറ്റിൻ ഹിന്ദിയിൽ ആരംഭിക്കും. സ്മാർട്ട് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റ് സംവിധാനത്തിൽ കണക്ട് ടു ബി ബി സി ഇലക്ഷൻ എന്നാവശ്യപ്പെട്ടാൽ ബി ബി സിയുമായി കണക്റ്റ് ചെയ്യപ്പെടും. ഇതോടെ പ്രേക്ഷകർക്ക് പറയാനുള്ള കാര്യങ്ങൾ ബി ബി സിയോട് നേരിട്ട് തന്നെ വ്യക്തമാക്കാനാകും. അക്കാര്യങ്ങളെ കുറിച്ച് ബി ബി സി ചർച്ചകൾ നടത്തും.
ഏപ്രിൽ 16 മുതൽ പ്രേക്ഷകരുമായി നേരിട്ട് ഇടപെടുന്ന ഇന്ററാക്ടീവ് ചാറ്റ് ബോട്ട് സംവിധാനം ആരംഭിക്കും. ഫെയ്സ്ബുക്ക് മെസഞ്ചറിന്റെ സഹായത്തോടെയായിരിക്കും ഇത്. തിരഞ്ഞെടുപ്പിലെ പുതിയ അപ്ഡേഷനുകളെ കുറിച്ച് കാര്യങ്ങൾ അറിയാനും ചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരം ഇതിലൂടെ പ്രേക്ഷകർക്ക് ലഭിക്കും. ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ ചെറുക്കുന്നതിന്റെ ഭാഗമായാണ് ബി ബി സിയുടെ പുതിയ പരിപാടികൾ.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യമായ വാർത്തകളും വിശകലനങ്ങളും ചർച്ചകളും ഉൾക്കൊള്ളുന്ന റിയാലിറ്റി ചെക്ക് എന്ന പ്രത്യേക പരിപാടി ബി ബി സി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പ്രേക്ഷകർക്കും പ്രാതിനിധ്യം നൽകുന്ന പരിപടികളാണ് ബി ബി സിയുടെ റിയാലിറ്റി ചെക്കിലുമുള്ളത്.