വിഖ്യാത ചലച്ചിത്ര സംവിധായകൻ മൃണാള്‍ സെന്‍ അന്തരിച്ചു
വിഖ്യാത ചലച്ചിത്ര സംവിധായകൻ മൃണാള്‍ സെന്‍ അന്തരിച്ചു
ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം മൃണാൾ സെൻ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വസതിയിൽ വെച്ച് ഇന്നു രാവിലെ 10.30നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാൾ സെന്‍ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സംഭാവനകൾ മാനിച്ച് രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ, ദാദാ സാഹബ് ഫാൽക്കേ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിരുന്നു. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
ഭുവന്‍ ഷോം (1969), കോറസ് (1974), മൃഗയ(1976), അകലെര്‍ സന്ധാനെ (1980) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.
1923 മെയ് 14 ന് ബംഗ്ലാദേശിലെ ഫരീദ്പൂരിലാണ് അദ്ദേഹം ജനിച്ചത്. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവായും കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്‌നീഷ്യനായും ജോലി ചെയ്‌തു.