ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി
നാലുവര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഇടിമിന്നലില്‍ ഇത്രയധികം പേര്‍ മരണപ്പെടുന്നത്.
ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ ഉണ്ടായ ഇടിമിന്നലില്‍ 66 പേരാണ് മരിച്ചത്. നാലാന്ത ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. ഇവിടെ മാത്രം 23 പേര്‍ മരിച്ചു. നാലുവര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഇടിമിന്നലില്‍ ഇത്രയധികം പേര്‍ മരണപ്പെടുന്നത്.
2020 ജൂണില്‍ 90 പേര്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. താപനില ഉയരുന്നതാണ് മരണങ്ങള്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. വടക്കു പടിഞ്ഞാറില്‍ നിന്നുള്ള വരണ്ട കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റും ചേരുമ്പോള്‍ മേഘങ്ങള്‍ രൂപംകൊള്ളാനും ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയുംചെയ്യുന്നു. ചൂടുള്ള വായുവില്‍ കൂടുതല്‍ ഈര്‍പ്പം വയ്ക്കാന്‍ കഴിയുന്നതിനാല്‍ ഈ ഇടിമിന്നലിന്റെ സാധ്യത കൂട്ടുന്നു.
ബീഹാറിലെ സമതല പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. കൂടാതെ തുറന്ന പാടങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഈ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ അവഗണിക്കുന്നത് അപകടത്തിന് കാരണമാകുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.