ബുള്ളി ബായ് ആപ്ലിക്കേഷൻ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 21-കാരനായ നീരജ് ബിഷ്ണോയിയേയാണ് ഡൽഹി പോലീസ് അസമിൽ നിന്ന്നും പിടികൂടിയത്. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ് ബിഷ്ണോയ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.
മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചുകൊണ്ടുള്ള വിദ്വേഷ ക്യാമ്പയിനായിരുന്നു ബുള്ളി ബായ് എന്ന ആപ്പ് വഴി നടത്തിയിരുന്നത്. സംഭവത്തിൽ മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ് വിദ്യാർഥിയേയും മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പോലീസ് പറയുന്നു. ആപ്ലിക്കേഷൻ ഉണ്ടാക്കിയത് നീരജ് ബിഷ്ണോയിയാണെന്നാണ് വിവരം.