Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമനെ പൂജിക്കുന്ന നാട്ടില്‍ രാവണനെ മുന്നില്‍ നിര്‍ത്തി നേടിയ ജയം, ചന്ദ്രശേഖര്‍ ആസാദ് നാഗിനയില്‍ നിന്നും വിജയിച്ചത് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍

Chandrasekhar Azad

അഭിറാം മനോഹർ

, ബുധന്‍, 5 ജൂണ്‍ 2024 (19:16 IST)
Chandrasekhar Azad
ഉത്തര്‍പ്രദേശില്‍ ദളിത് രാഷ്ട്രീയവുമായി സംസ്ഥാനം പിടിച്ച ബിഎസ്പിയുടെ തകര്‍ച്ചയ്ക്കിടയില്‍ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ വക്താവായി ചന്ദ്രശേഖര്‍ ആസാദിന്റെ വിജയം. പടിഞ്ഞാറന്‍ യുപിയിലെ നാഗിന മണ്ഡലത്തില്‍ എന്‍ഡിഎയും ഇന്ത്യ സഖ്യത്തിനെയും പിന്നിലാക്കി 1,51,473 വോട്ടിന്റെ വിജയമാണ് ആസാദ് നേടിയത്. ആസാദ് സമാജ് പാര്‍ട്ട്(കാന്‍ഷി റാം) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് ആസാദ് കളത്തിലിറങ്ങിയത്. മണ്ഡലത്തിലെ 51.19 % വോട്ടുകളും നേടിയാണ് ആസാദിന്റെ വിജയം.
 
 അയോധ്യയും രാമക്ഷേത്രവും രാഷ്ട്രീയം പറയുന്ന ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ കാന്‍ഷി റാം അവശേഷിച്ച് പോയ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ വിത്തുകള്‍ പാകി രാവണനെ മുന്നില്‍ നിര്‍ത്തിയാണ് ചന്ദ്രശേഖര്‍ ആസാദ് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായത്.  നാഗിനയില്‍ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമാക്കി കുറയ്ക്കാന്‍ ആസാദിനായി. 2019ല്‍ ബിഎസ്പിയുടെ ഗിരീഷ് ചന്ദ്ര 1.66 ലക്ഷം വോട്ടിന് വിജയിച്ച മണ്ഡലത്തിലാണ് ആസാദിന്റെ മിന്നുന്ന വിജയം. നാഗിനയിലെ ജനസംഖ്യയുടെ 20 ശതമാനം ദളിതരും 40 ശതമാനം മുസ്ലീങ്ങളും ബാക്കി ശതമാനം താക്കൂര്‍,ജാട്ട്,ചൗഹാന്‍,രജപുത്രര്‍,ത്യാഗി,ബനിയ വിഭാഗക്കാരുമാണ്. ആദ്യഘട്ടത്തില്‍ എസ്പിയുമായി സഖ്യം ചെയ്യാനാണ് ശ്രമിച്ചതെങ്കിലും ആസാദ് പിന്നീട് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
 
 36കാരനായ നിയമ ബിരുദധാരിയായ ചന്ദ്രശേഖര്‍ ആസാദ് 2015ലാണ് അംബേദ്ക്കറുടെയും കാന്‍ഷി റാമിന്റെയുമെല്ലാം ദളിത് രാഷ്ട്രീയം മുന്നില്‍ നിര്‍ത്തി ഭീം ആര്‍മി രൂപീകരിക്കുന്നത്.  2017 ല്‍ സഹരന്‍പൂര്‍ ജില്ലയിലെ താക്കൂര്‍ സമുദായവുമായുള്ള സംഘര്‍ഷത്തില്‍ ദലിതര്‍ക്കായി ശബ്ദമുയര്‍ത്തിയതോടെയാണ് ആസാദ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ആസാദിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലടച്ചു. 2018 സെപ്റ്റംബറില്‍ ജയില്‍ മോചിതനായ ആസാദ് സിഎഎയ്‌ക്കെതിരായ സമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. 2022ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരില്‍ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍