അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചു; സഹായം തേടി എട്ടുവയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ
അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവർത്തിയെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുകയാണ്.
അമ്മയെ അച്ഛൻ ക്രൂരമായി മർദിക്കുന്നത് കണ്ട എട്ടുവയസ്സുകാരൻ മകന് സഹിച്ചില്ല. അവൻ സഹായം അഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തർപ്രദേശിലെ സാന്ത് കബീർനഗറിലാണ് സംഭവം.
മുഷ്‌താഖ് എന്ന എട്ടുവയസ്സുകാരനാണ് അച്ഛന്റെ ക്രൂരമർദനത്തിൽ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകിലോമീറ്റർ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയത്. രാഹുൽ ശ്രീവാസ്തവ എന്ന പൊലീസുകാരൻ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവർത്തിയെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുകയാണ്.
കബീർനഗറിലെ വീട്ടിൽ അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളർന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവരുന്ന കുട്ടിയെ കണ്ട് പൊലീസുകാരും അമ്പരന്നു. തുടർന്ന് മുഷ്താഖ് തന്നെ അച്ഛന്റെ മർദന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടൻ തന്നെ വീട്ടിലെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ പിടികൂടുകയും ചെയ്തിരുന്നു.
ഗാർഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയും ദൂരം ഓടിയ എട്ടുവയസ്സുകാരനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥൻ കുറിച്ചു.