അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി
അരുണാചല്‍പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒരു നിലപാട് ഉണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടത്തെ യാഥാര്‍ത്ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല.
അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന. പേര് മാറ്റിയത് കൊണ്ട് യാഥാര്‍ത്ഥ്യം മാറില്ലെന്ന് ഇന്ത്യ മറുപടി നല്‍കി. ചൈനയുടെ പ്രവര്‍ത്തി അസംബന്ധമാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അരുണാചല്‍പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒരു നിലപാട് ഉണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടത്തെ യാഥാര്‍ത്ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല. അരുണാചല്‍പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അനിഷേധ്യമായ ഭാഗമാണ്. അത് എല്ലായിപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നേരത്തെയും ചൈന ഇത്തരത്തില്‍ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കിയിരുന്നു. ചൈന കയ്യടക്കി വച്ചിരിക്കുന്ന ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ വാദം. 2024ല്‍ അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് ചൈന ഇത്തരത്തില്‍ പേര് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പ്രത്യേക മാപ്പ് തയ്യാറാക്കിയിരുന്നു.
കൂടാതെ ഇന്ത്യന്‍ ഭരണാധികാരികള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ ചൈന പ്രതിഷേധ ഉന്നയിക്കാറുണ്ട്. ചൈന കാലാകാലങ്ങളായി അതിര്‍ത്തി രാജ്യങ്ങളുമായി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണ്.