ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
രണ്ടുപേർ കത്വയിലെ ജംഗ്ലോട്ടിലെ മണ്ണിടിച്ചിലിലും മരിച്ചു.
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്‌ഫോടനം. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴുപേർ മരണപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. അഞ്ച് പേർ കത്വയിലെ ജോഥ് ഘാടിയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിലാണ് മരിച്ചത്. രണ്ടുപേർ കത്വയിലെ ജംഗ്ലോട്ടിലെ മണ്ണിടിച്ചിലിലും മരിച്ചു.
ശനിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. രാജ്ബാഗിലെ ജോഥ് ഘാട്ടി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനം ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ആൾനാശവും കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി ജമ്മു കാശ്മീരിലെ കത്വജില്ലയിലെ അധികൃതർ അറിയിച്ചു.
സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ കത്വ ജില്ലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
കത്വയിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും മേഘവിസ്‌ഫോടനത്തിനുശേഷം കുടുംബങ്ങളെ രക്ഷിക്കുകയും ഭക്ഷണവും പരിചരണവും നൽകുവാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഇന്ത്യൻ ആർമിയുടെ റൈസിംഗ് സ്റ്റാർ കോർപ്‌സ് എക്സിൽ കുറിച്ചു. കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.