വിക്ഷേപണം പരാജയപ്പെട്ടതായി സൂചന; ജിസാറ്റ്–6 എയ്ക്കു ഐഎസ്ആർഒയുമായുള്ള ബന്ധം നഷ്ടപ്പെട്ടു - ബന്ധം സ്ഥാപിക്കാനുള്ള നീക്കം തുടരുന്നു
വിക്ഷേപണം പരാജയപ്പെട്ടതായി സൂചന; ജിസാറ്റ്–6 എയ്ക്കു ഐഎസ്ആർഒയുമായുള്ള ബന്ധം നഷ്ടപ്പെട്ടു - ബന്ധം സ്ഥാപിക്കാനുള്ള നീക്കം തുടരുന്നു
വിജയകരമായി വിക്ഷേപിച്ച ശക്തിയേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എയുമായുള്ള ബന്ധം നഷ്‌ടമായെന്ന് ഇന്ത്യൻ സ്പെയ്സ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഗവേഷകർ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.56 ന് ജി സാറ്റുമായി കുതിച്ചുയർന്ന ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് എഫ് - 08 17.46 മിനിറ്റിൽ ലക്ഷ്യം കണ്ടിരുന്നു.
എന്നാല്‍ വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഉപഗ്രഹത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരാത്തതിനെ തുടര്‍ന്ന് ദൗത്യം പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത് വന്നത്.
ഭൂമിയുടെ 180 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ റോക്കറ്റ് എത്തിച്ചിരുന്നു. തുടർന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷൻ മാർച്ച് 30ന് രാവിലെ 9.22ന് ആദ്യ ഭ്രമണപഥം വിജയകരമായി ഉയർത്തി. ശനിയാഴ്ച രാവിലെ 10.51നായിരുന്നു രണ്ടാമത്തെ ഭ്രമണപഥം ഉയർത്താൻ നിശ്ചയിച്ചിരുന്നത്. ഉപഗ്രഹത്തിലെ ദ്രവ അപ്പോജി മോട്ടോർ ജ്വലിപ്പിച്ച് രണ്ടാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി.
ഇതിന് ശേഷം നാല് മിനിട്ട് കഴിഞ്ഞപ്പോൾ ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലെ സ്റ്റേഷനിൽ ലഭിച്ചു. എന്നാൽ, അതിന് ശേഷം ഒരു സിഗ്നലും സ്റ്റേഷനിൽ എത്തിയില്ല. പരിശോധനയിൽ ഉപഗ്രഹത്തിന്റെ പവർ സംവിധാനത്തിന് സാരമായ തകരാർ സംഭവിച്ചതായി കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടില്ല.