കോവിഡ് അത്ര ചെറിയ അസുഖമല്ല. കോവിഡ് നെഗറ്റീവ് ആയതിനുശേഷവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. കോവിഡിനൊപ്പം ബ്രെയ്ന്‍ ഫോഗ് കൂടി ബാധിച്ചപ്പോള്‍ താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ച് വിവരിക്കുകയാണ് റിയ ചോപ്ര.
കോവിഡിനോടുള്ള പോരാട്ടം രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോഴാണ് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഫ്രിഡ്ജിലാണ് ഞാന്‍ സോപ്പുപൊടി തിരഞ്ഞത്. എന്തിനാണ് ഞാന്‍ അങ്ങനെ തിരഞ്ഞതെന്ന് എനിക്കറിയില്ല. പഴങ്ങളും പാലും ഇരിക്കുന്നതിന്റെ കൂട്ടത്തില്‍ സോപ്പുപൊടിയുണ്ടാകുമെന്നാണ് ഞാന്‍ വിചാരിച്ചത്. കുറേനേരം കഴിഞ്ഞിട്ടാണ് സോപ്പുപൊടി ഫ്രിഡ്ജില്‍ അന്വേഷിക്കുന്നത് എന്തിനാണെന്ന് എനിക്ക് തന്നെ തോന്നിയത്. ബാത്‌റൂമിലെ കബോര്‍ഡിനുള്ളില്‍ ആയിരിക്കും അതുള്ളതെന്ന് പിന്നീടാണ് ഓര്‍മ വരുന്നത്.
ഇങ്ങനെ സംഭവിച്ചപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. കോവിഡ് എന്റെ തലച്ചോറിനെയും ബാധിച്ചിരിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുന്നു. ഓര്‍മശക്തി നഷ്ടപ്പെടുന്നു.
ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ കോവിഡ് ബാധിതയായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനാല്‍ അച്ഛന്‍ അമ്മയ്‌ക്കൊപ്പം ആശുപത്രിയിലാണ്. ഞാനും അനിയത്തിയും മുത്തച്ഛനും മാത്രമായിരുന്നു വീട്ടില്‍. ഞങ്ങളില്‍ എന്തൊക്കെയോ വ്യത്യാസമുണ്ടെന്ന് പതിയെ മനസിലാക്കി. എന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരിക്കും എന്ത് വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് പോലും മറന്നുപോകുക. പകുതിയില്‍വച്ച് വീണ്ടും ആലോചിക്കേണ്ടിവരും, ഞാന്‍ എന്തിനെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെന്ന്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനത് മറന്നു. പോയി ഗ്യാസ് കത്തിച്ച് ഭക്ഷണം കുക്ക് ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ട് പേര്‍ക്കും ബ്രെയ്ന്‍ ഫോഗ് ആണ് അനുഭവപ്പെടുന്നതെന്ന് പിന്നീടാണ് മനസിലായത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയപ്പോള്‍ മറവി ബാധിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കാന്‍ തുടങ്ങി. ഉറക്ക സമയം കൂട്ടി, ഇന്റര്‍നെറ്റ് ഉപയോഗം കുറച്ചു. പഴയ അവസ്ഥയിലേക്ക് എപ്പോള്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന് ആലോചിച്ച് ഞാന്‍ നിരാശപ്പെട്ടു. മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. ശാരീരിക അഭ്യാസങ്ങള്‍ ചെയ്യും, വീട് വൃത്തിയാക്കും, പുതിയ പുതിയ പാചകരീതികള്‍ പരീക്ഷിക്കും. ഇങ്ങനെയൊക്കെയാണ് ബ്രെയ്ന്‍ ഫോഗ് അവസ്ഥയില്‍ നിന്ന് താനും സഹോദരിയും പുറത്തുകടന്നതെന്നും റിയ പറഞ്ഞു.