ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍
ഈ കാലയളവില്‍ പോലീസും ക്രിമിനല്‍ സംഘങ്ങളുമായി 15000ലേറെ ഏറ്റുമുട്ടലുകള്‍ നടന്നെന്നാണ് കണക്കുകള്‍ പറയുന്നത്.
ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകളെന്ന് ഡിജിപി. ഈ കാലയളവില്‍ പോലീസും ക്രിമിനല്‍ സംഘങ്ങളുമായി 15000ലേറെ ഏറ്റുമുട്ടലുകള്‍ നടന്നെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 9000ലേറെ കുറ്റവാളികള്‍ക്ക് പോലീസില്‍ നിന്ന് വെടിയേറ്റിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഡിജിപി രാജീവ് കൃഷ്ണ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
എട്ടുവര്‍ഷത്തിനുള്ളില്‍ 14973 ഓപ്പറേഷനുകള്‍ ഉത്തര്‍പ്രദേശ് പോലീസ് നടത്തിയിട്ടുണ്ട്. 30694 ക്രിമിനലുകളെ പിടികൂടി. പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച 9467 പ്രതികള്‍ക്ക് നേരെ പോലീസ് മുട്ടിനുതാഴെ വെടിയുതിര്‍ത്തു. ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നത് മീററ്റിലാണ്. ഇവിടെനിന്ന് 7969 കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ ലഘൂകരിക്കാനും ക്രമസമാധാനം നിലനിര്‍ത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ഇത്രയേറെ ഓപ്പറേഷനുകള്‍ നടത്തിയതെന്ന് ഡിജിപി പറഞ്ഞു. 2017 മുതലാണ് യോഗി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.