കടലൂരില്‍ 2 സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമായ അപകടത്തിന് കാരണമായത് റെയില്‍വേ ഗേറ്റ് ജീവനക്കാരന്റെ അനാസ്ഥ. ട്രെയിന്‍ കടന്നുപോകവെ താഴ്ത്തിയ റെയില്‍വേ ഗേറ്റ് തുറന്ന് വിടാന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിക്കുകയും ഇത് അനുസരിച്ച് ഗേറ്റ് തുറക്കുകയും ചെയ്താണ് സ്‌കൂള്‍ ബസും ട്രെയ്‌നും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ചതിനെ തുടര്‍ന്ന് നിമിലേഷ്(12), ചാരുമതി(16) എന്നിവരാണ് മരിച്ചത്. രാവിലെ 7:45നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ പങ്കജ് കുമാറിനെ ദക്ഷിണ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണവും പ്രഖ്യാപിച്ചു.
കടലൂരിലെ റെയില്‍വേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്‌കൂള്‍ ബസ് പതിവായി കടന്നുപോകുന്നത്. രാവിലെ ബസ് എത്തിയപ്പോള്‍ ഗെയ്റ്റ് അടഞ്ഞുകിടക്കുകയായിരുന്നു. 6 കുട്ടികളും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അത് വഴി കടന്നുപോകേണ്ട വില്ലുപുരം- മയിലാടുതുറൈ പാസഞ്ചര്‍ ട്രെയ്ന്‍ താമസിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതോടെ ബസ് ഡ്രൈവര്‍ ഗേറ്റ് തുറക്കാന്‍ ഗെയ്റ്റ് കീപ്പറെ നിര്‍ബന്ധിക്കുകയായിരുന്നു. ഗേറ്റ് തുറന്ന് ബസ് കടന്നുപോകവെയായിരുന്നു അപകറ്റം. ആ സമയം സ്‌കൂള്‍ ബസ് മാത്രമെ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത് വളവായതിനാല്‍ ട്രെയ്ന്‍ വരുന്നത് ഡ്രൈവര്‍ കണ്ടില്ല.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും റെയില്‍വേ ജീവനക്കാരും എത്തിയാണ് പരുക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഒരാള്‍ക്ക് പൊട്ടികിടന്ന റെയില്‍വേ ലൈനില്‍ നിന്നും ഷോക്കേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗേറ്റ് കീപ്പര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ റെയില്‍വേ ദുഃഖം രേഖപ്പെടുത്തി.
പരുക്കേറ്റവരെ റെയില്‍വേ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇവരെ പുതുച്ചേരി ആശുപത്രിയിലേക്ക് മാറ്റും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.