ക്രിസ്മസ് അവധിക്ക് നാട്ടിലെത്തണമെങ്കില്‍ കൂടുതല്‍ പണം ചെലവാക്കണം; ആഭ്യന്തര വിമാനനിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കു നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്
ക്രിസ്മസ് അവധിക്ക് നാട്ടിലെത്താന്‍ വ്യോമമാര്‍ഗം തിരഞ്ഞെടുക്കുന്ന മലയാളികള്‍ക്ക് എട്ടിന്റെ പണി. ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയാണ് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജനുവരി ആറ് വരെയാണ് വിമാന കമ്പനികളുടെ 'അവധിക്കാല കൊള്ളയടി'
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കു നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസ് ഇല്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപയ്ക്കു ലഭിക്കുക. മറ്റു സമയങ്ങളില്‍ 22,000 മുകളില്‍ 29,000 വരെ ടിക്കറ്റ് നിരക്ക് ഈടാക്കും. ചെന്നൈ, ബെംഗളൂരു വഴി പോകാനും ഏറ്റവും കുറഞ്ഞത് ഒരു ടിക്കറ്റിനു 16,000 രൂപയാകും.
കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി വിമാന കമ്പനികള്‍ ആഭ്യന്തര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. ഡിസംബര്‍ 15 നു ശേഷം തേര്‍ഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും ലഭ്യമല്ല.