പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കും
പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കും
രാജ്യത്തെ ഇന്ധന വിലയിൽ ചരക്കു സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.
ജിഎസ്ടി വരുന്നതോടെ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസം കൊണ്ടുവരാന്‍ സാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റമാണ് ഇന്ത്യയിലും ബാധിച്ചത്. ഇത് വരും ദിവസങ്ങളിൽ കുറയുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഇന്ധന വില ഓരോ ദിവസവും നിർണയിക്കുന്ന രീതി മാറ്റാൻ കഴിയില്ല. സുതാര്യവും വ്യക്തതയുള്ളതുമായ നടപടിയാണ് ഇത്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഇന്ധനവിലയിലെ അന്തരം നികുതിയിൽ വരുന്ന വ്യത്യാസം മൂലമാണ്. ഇതിനാലാണ് ജിഎസ്ടി ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ഇന്ധന വിലയിൽ ചരക്കു സേവന നികുതി കൊണ്ടുവരുന്ന കാര്യത്തില്‍ ജിഎസ്ടിയുടെ ചുമതലയുള്ള ധനമന്ത്രി അരുൺ ജയ്ലി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അമേരിക്കയിൽ വീശിയടിച്ച ഇർമ ചുഴലിക്കാറ്റും ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വില താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയുമെന്നും പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനു ശേഷം ധർമേന്ദ്ര പ്രധാൻ പറഞ്ഞു.