അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. ഇന്ത്യയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് ഡെങ്കി റൂട്ടുകള്‍ വഴി ആളുകളെ എത്തിക്കുന്ന ഏജന്റ് മാര്‍ക്കെതിരായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ സമന്‍സ് ലഭിച്ചത്. പഞ്ചാബ് സ്വദേശികളായ 10 പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് നോട്ടീസ് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത കുടിയേറ്റം തടയല്‍ നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
അതേസമയം സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി. ഉയര്‍ന്ന ചെലവ് കാരണമാണ് ഇത്തരത്തിലുള്ള നാടുകടത്തില്‍ അമേരിക്ക നിര്‍ത്തിയത്. അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കടത്തിയത്. ഇതിനായി സൈനിക വിമാനമാണ് ഉപയോഗിച്ചത്.
ഈ നടപടി ചെലവേറിയതാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ത്തിവയ്ക്കാനുള്ള നീക്കം. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പായിട്ടാണ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചത്. അവസാനമായി മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനം അമേരിക്കയില്‍ നിന്ന് പോയത്.
അതേസമയം ഇന്ത്യയിലേക്ക് മൂന്ന് തവണയാണ് കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈനിക വിമാനം വന്നത്. ഓരോ യാത്രയ്ക്കും 26 കോടി രൂപ വീതം ചെലവായി എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് മാത്രം ചെലവായത് 78.36 കോടി രൂപയാണ്.