കാരയ്ക്കല്‍ തിരുനള്ളാര്‍ ശനീശ്വരക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്. പൂജകള്‍ അര്‍ച്ചനകള്‍ എന്നിവയുടെ പേരില്‍ വിദേശത്ത് താമസിക്കുന്ന ഭക്തരില്‍ നിന്നുള്‍പ്പടെ പണം തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ മാതൃകയിലാണ് വ്യാജസൈറ്റ് ഉണ്ടാക്കിയിരുന്നത്. വര്‍ഷങ്ങളായി ഈ സൈറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് കരുതുന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമാണ് കാരയ്ക്കലിലെ തിരുനള്ളാര്‍ ക്ഷേത്രം. തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെ ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര ലക്ഷ്യമിട്ടാണ് സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈന്‍ അര്‍ച്ചനകളും പൂജകളും മറ്റും ബുക്ക് ചെയ്യാന്‍ പണം വാങ്ങുകയായിരുന്നു സൈറ്റ് ചെയ്തിരുന്നത്. വ്യാജവെബ്‌സൈറ്റില്‍ ക്ഷേത്രത്തിലെ പ്രസാദം കൊറിയര്‍ വഴി ലഭിക്കാനുള്ള സൗകര്യമുണ്ടായിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.