ഡൽഹി: ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷങ്ങളിൽ ചെങ്കോട്ടയിൽ കൊടി കെട്ടിയതിന് പിന്നിൽ പഞ്ചാബി നടനും പൊതു പ്രവർത്തകനുമായ ദീപ് സിദ്ദു എന്ന് ആരോപണം. ചെങ്കോട്ടയിലേയ്ക്ക് മാർച്ച് ചെയ്യാനും, കൊടികെട്ടാനും കർഷകരെ പ്രേരിപ്പിച്ചത് ദീപ് സിദ്ദുവാണെന്ന് കർഷക സംഘടനകൾ ആരോപിയ്ക്കുന്നു. ദീപ് സിദ്ദു മൈക്രോഫോണുമായി എങ്ങനെ ചെങ്കോട്ടയിൽ എത്തി എന്നതിനെ കുറിച്ച് അന്വേഷിയ്ക്കണമെന്ന് ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ദീപ് സിദ്ദു കർഷകരെ വഴിതെറ്റിച്ചു എന്ന് ഭാരതീയ കിസാൻ യൂണിയൻ ഹരിയാന ചീഫ് ഗുർണാം സിങ് ചദുനി വ്യക്തമാക്കി. ഒരു വിഭാഗം കർഷകരെ ദിപ് സിദ്ദു അക്രമത്തിലേയ്ക്ക് നയിയ്ക്കുകയായിരുന്നു എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിങ് രാജേവാളും ആരോപിച്ചു. ചെങ്കോട്ടയിലെ ഇന്ത്യൻ പതാക നശിപ്പിച്ചിട്ടില്ല എന്നും ജനാധിപത്യത്തിന്റെ അവകാശത്തിനായാണ് തങ്ങളുടെ കൊടി ഉയർത്തിയത് എന്നും ദീപ് സിദ്ദു സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു.