യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ
തര്‍ക്കം പരിഹരിക്കാനാണ് ആദ്യ പരിഗണന.
യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ലെന്ന് കരസേന മുന്‍ മേധാവി ജനറല്‍ നരവണെ. പൂനയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധം ഗൗരവമേറിയ കാര്യമാണ്. ഇത് ആവര്‍ത്തിക്കേണ്ടതല്ല, അത് അവസാന കാര്യമായിരിക്കണം. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണ്. തര്‍ക്കം പരിഹരിക്കാനാണ് ആദ്യ പരിഗണന. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ടാല്‍ ഞാനും യുദ്ധത്തിനു പോകുമെന്നും പക്ഷേ എന്റെ ആദ്യ പരിഗണന അതായിരിക്കില്ലെന്നും കാരണം അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടം വലുതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം ഇന്ത്യ തള്ളി. അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അമേരിക്കയുമായുള്ള സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ പോലും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോള്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യ മന്ത്രി നടത്തിയ ചര്‍ച്ചകളില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദം.