പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പഞ്ചാബില്‍ വ്യാജ മദ്യ ദുരന്തത്തില്‍ 15 പേര്‍ മരിച്ചു. 10 പേരുടെ നില അതീവഗുരുതരമായി തുടരുന്നു. അമൃത്സറിലെ മജിത ബ്ലോക്ക് ഉള്‍പ്പെടുന്ന ഗ്രാമങ്ങളിലാണ് ദുരന്തം ഉണ്ടായത്. വ്യാജമദ്യം കുടിച്ച് ഗുരുതരാവസ്ഥയിലായവരെ അമൃത്സറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമൃത്സര്‍ ജില്ലാ കളക്ടര്‍ സാക്ഷി സഹിനി ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഞായറാഴ്ച വൈകുന്നേരം ഒരു ഇടത്തില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ചവരാണ് ദുരന്തത്തിനിരയായത്.
തിങ്കളാഴ്ച രാവിലെ ചിലര്‍ മരിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിയാണ് മരണത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.