ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഎ വികസിപ്പിക്കുന്ന ധ്വനി മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന. 5,500 കിലോമീറ്ററിന് മുകളില്‍ ദൂരപരിധിയുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളാണ്. ചൈനയുടെ ഭാഗത്ത് നിന്നും വര്‍ധിച്ച് വരുന്ന ഹൈപ്പര്‍ സോണിക് ഭീഷണികള്‍ക്കെതിരെയുള്ള തന്ത്രപ്രധാനമായ ആയുധമായാണ് ഇന്ത്യ ധ്വനിയെ കാണിന്നത്.
ചൈനയില്‍ നിന്നും ഹൈപ്പര്‍ സോണിക് സാങ്കേതികവിദ്യ സ്വന്തമാക്കാനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം. ശബ്ദത്തേക്കാള്‍ 6 മടങ്ങിലധികം വേഗതയുള്ള ധ്വനി ഇന്ത്യ സ്വന്തമാക്കുന്നതോടെ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ യുഎസ്, ചൈന,റഷ്യ എന്നിവര്‍ക്ക് മാത്രമാണ് ഈ കപ്പാസിറ്റിയുള്ളത്. അഗ്‌നി 5 മിസൈലിന്റെ ബൂസ്റ്റര്‍ റോക്കറ്റിലാകും ധ്വനി ഘടിപ്പിക്കുക. ധ്വനിയുടെ വേഗത ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
പത്തിലധികം പോര്‍മുനകള്‍ ധ്വനിയില്‍ ഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ആയുധങ്ങളാണെങ്കില്‍ ഒരു ടണ്ണും ആണവ പോര്‍മുനകളാണെങ്കില്‍ 500 കിലോഗ്രാമും വഹിക്കാന്‍ ധ്വനിക്ക് സാധിക്കും. ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വേഗത കൈവരിക്കാനായാല്‍ കേവലം 15 മിനിറ്റില്‍ ചൈനയില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. വെറും 3 മിനിറ്റില്‍ പാകിസ്ഥാനിലും നാശം വിതയ്ക്കാന്‍ സാധിക്കും.