ഓൺലൈൻ ഗെയിം വിലക്കി; സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു
"മമ്മി, പപ്പാ... സോറി" എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്
Publish Date: Wed, 04 Feb 2026 (14:38 IST)
Updated Date: Wed, 04 Feb 2026 (14:46 IST)
മാതാപിതാക്കൾ ഓൺലാൻ ഗെയിം വിലക്കിയതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഗാസിയാബാദിലെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് മൂവരും താഴേക്ക് ചാടുകയായിരുന്നു.
"മമ്മി, പപ്പാ... സോറി" എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കരയുന്ന ഒരു ഇമോജിയും ഇതോടൊപ്പം വരച്ചുചേർത്തിട്ടുണ്ട്. കുട്ടികൾ ഒരു കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമിന് അടിമപ്പെട്ടിരുന്നതായാണ് സംശയം. തന്റെ മക്കൾ ഒരു കൊറിയൻ ഗെയിം കളിക്കാറുണ്ടായിരുന്നു എന്നും അത് അപകടം നിറഞ്ഞതാണോ എന്ന് അറിയില്ലെന്നും പെൺകുട്ടികളുടെ പിതാവ് പറഞ്ഞു.
വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ പൂജാമുറിയിൽ കയറി വാതിൽ അകത്തുനിന്നും പൂട്ടിയ ശേഷം ജനലിലൂടെ ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. താഴെ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ഗാർഡും നാട്ടുകാരുമാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരണപ്പെടുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)