പെട്രോള്‍ വില 22 രൂപയാകും!; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
മെഥനോള്‍ ചേര്‍ക്കാന്‍ പദ്ധതി: പെട്രോള്‍ വില 22 രൂപയാകും!
മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ഇതോടെ പെട്രോളിന്റെ വിലകുറയുമെന്നും മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
മെഥനോള്‍ ചേര്‍ത്ത പെട്രോളാണ് ചൈനയില്‍ ഉപയോഗിക്കുന്നത്. അവിടെ പെട്രോളിന് 17 രൂപ മാത്രമാണ് വില. ഇന്ത്യയില്‍ ഈ പദ്ധതി നിലവില്‍ വന്നാല്‍ പെട്രോളിന്റെ വില 22 രൂപയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മെഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്ന പ്രത്യേക എന്‍ജിന്‍ വോള്‍വോ അവതരിപ്പിച്ചതായും അതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ അവര്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.