മഹാരാഷ്ട്രയിലേത് ഇതു വരെ പുറത്തെടുക്കാത്ത ചാണക്യതന്ത്രം; കരുക്കള്‍ നീക്കിയത് അമിത് ഷായുടെ വിശ്വസ്തന്‍
എന്‍സിപി നേതാവ് ശരദ് പവാറും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍, അപ്പുറത്ത് ബിജെപി കരുക്കള്‍ നീക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് അവസാന വട്ട ചര്‍ച്ചകള്‍
ശരദ് പവാറിനെ മറികടന്ന് ബിജെപി എങ്ങനെയാണ് എന്‍സിപി നേതാവ് അജിത് പവാറുമായി സഖ്യത്തിലെത്തിയത് എന്നതിനെപ്പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇന്നലെ ഒറ്റരാത്രി കൊണ്ട് ഉദയം ചെയ്തതല്ല ഈ സഖ്യ ഫോര്‍മുലയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജിത്തുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തന്റെ ഏറ്റവും വിശ്വസ്തനായ ലെഫ്റ്റനന്റിനെത്തന്നെയാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ അതിന്റെ ചുമതലയേല്‍പ്പിച്ചത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനുമായിരുന്ന ഭൂപേന്ദ്ര യാദവിനെ.
എന്‍സിപി നേതാവ് ശരദ് പവാറും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍, അപ്പുറത്ത് ബിജെപി കരുക്കള്‍ നീക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് അവസാന വട്ട ചര്‍ച്ചകള്‍ നടന്നത്.
അമിത് ഷാ വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെത്തി ഭൂപേന്ദര്‍ യാദവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാത്രി ഏഴുമണിയോടെ യാദവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്തെത്തി. ഫഡ്‌നാവിസിനെ കാര്യങ്ങള്‍ ധരിപ്പിച്ച ശേഷമാണു സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകുമെന്ന കാര്യത്തില്‍ പൂര്‍ണ്ണമായി ഉറപ്പുവന്നത്.
ഇതോടെ എല്ലാക്കാര്യങ്ങളും ഓകെയാണെന്ന് ആര്‍പിഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയോടെ അമിത് ഷാ പറഞ്ഞു. അത്താവലെ തന്നെ ഇക്കാര്യം ശനിയാഴ്ച വെളിപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ അത്താവലെയും ഭാഗമായിരുന്നു.
ഒക്ടോബര്‍ 30-ന് അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതോടെ ശരദ് പവാറിനെ മറികടന്ന്, അജിത്തുമായി സഖ്യത്തിലെത്താനുള്ള ആദ്യ കരു ബിജെപിയുടെ കൈകളിലെത്തി.
അജിത്തിലുള്ള വിശ്വാസമാണ് തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ആശങ്കകളില്ലാതെ ബിജെപി നേതാക്കള്‍ വെള്ളിയാഴ്ച വൈകിട്ടുവരെ പറഞ്ഞുകൊണ്ടിരിക്കാന്‍ കാരണം. ഈ പ്രതീക്ഷയുള്ളതു കൊണ്ടുതന്നെയാണ് അമിത് ഷാ പ്രത്യക്ഷത്തില്‍ ശിവസേനയുമായുള്ള ചര്‍ച്ചകളില്‍ ഇടപെടാതിരുന്നതും.