1947ലെ വിഭജനത്തോടെ ഇന്‍ഡസ് നദീതടം ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയിലൂടെ കടന്നുപോയതിനെ തുടര്‍ന്ന് 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച ജലവിതരണകരാറാണ് സിന്ധു നദീജല ഉടമ്പടി. ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം നിഷേധിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് നെഹ്റു അന്നത്തെ പാക് പ്രസിഡന്റായ അയൂബ് ഖാനുമായി കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം കിഴക്കോട്ട് ഒഴുകുന്ന നദികളായ ബിയാസ്, രവി,സത്ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന ചെനാബ്, ജെലം, സിന്ധു എന്നിവയുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു.
പാകിസ്ഥാനിലേക്ക് ഒഴുക്കുന്നതിലും മുന്‍പ് ഇന്ത്യയിലൂടെയാണ് ഈ നദികള്‍ ഒഴുകുന്നത് എന്നതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ഈ നദികളുടെ മുകളില്‍ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ ജലസേചനത്തിനും വൈദ്യുതിക്കും ഉപയോഗിക്കാമെന്ന വ്യവസ്ഥ കരാറില്‍ ഉണ്ടായിരുന്നു. കരാറിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ ഇന്ത്യ തടഞ്ഞുവെച്ച് പാകിസ്ഥാനില്‍ വരള്‍ച്ചയുണ്ടാകുമോ എന്ന ആശങ്കയ്ക്കാണ് പരിഹാരമായത്. കരാര്‍ നിലവില്‍ വന്നതിന് ശേഷം 1965ലും 1971ലും വലിയ യുദ്ധങ്ങള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടായപ്പോഴും സിന്ധുനദീജലകരാറില്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തിയിരുന്നില്ല. കരാര്‍ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതോടെ ഇന്ത്യന്‍ ഭാഗത്തെ സിന്ധുനദി പാകിസ്ഥാനിലേക്ക് പോകാതെ തടയാന്‍ അടക്കമുള്ള പല കാര്യങ്ങളും ഇന്ത്യയ്ക്ക് ചെയ്യാനാകും. നിലവില്‍ പാകിസ്ഥാന് കൃഷിക്കായി ആശ്രയിക്കുന്നത് സിന്ധുനദിയെയാണ്. ഇതിനെ തടഞ്ഞുവെയ്ക്കുന്നത് പാകിസ്ഥാന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ്.
ഹിമാലയന്‍ നദികളായതിനാല്‍ തന്നെ ഈ നദിതടങ്ങളില് പ്രളയസാധ്യതയും അധികമാണ്. കരാര്‍ മരവിപ്പിക്കുന്നതോടെ പാകിസ്ഥാനുമായി ഇന്ത്യ വെള്ളപ്പൊക്ക ഡാറ്റ പങ്കിടുന്നതും നിര്‍ത്തലാക്കും ഇത് പാക് പ്രദേശങ്ങളില്‍ അപ്രതീക്ഷിത പ്രളയങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാക്കും. അതിനാല്‍ തന്നെ ഇന്ത്യയുടെ നടപടികളോട് രൂക്ഷമായാണ് പാകിസ്ഥാന് നിലവില്‍ പ്രതികരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ പാക് പങ്കിന്റെ തെളിവ് ഇന്ത്യ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട പാകിസ്ഥാന് ഇന്ത്യയ്ക്ക് സമാനമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന തീരുമാനത്തിലാണ്.