പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഡാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും നരേന്ദ്രമോദി ബീഹാറില്‍ പറഞ്ഞു. അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ശിക്ഷ നല്‍കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം നേര്‍ന്ന് ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടിപ്പിക്കുന്നു. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ കുഴിച്ചുമൂടാന്‍ സമയമായി. പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന എല്ലാ രാജ്യങ്ങളോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നിവെന്നും ഭീകരതയെ പിന്തുണയ്ക്കുന്നവരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.