അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം
അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് സര്‍വ്വകക്ഷി യോഗം ചേരും.
കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വജ ആസിഫ് അറിയിച്ചു. പാക്‌സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും ആസിഫ് പറഞ്ഞു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഭീകരവാദത്തിന്റെ വലിയ ഇരകളില്‍ ഒന്നാണ് പാക്കിസ്ഥാനെന്നും ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക്ക് മന്ത്രി ആരോപിച്ചു. ഇന്ത്യയുടെ നടപടികളില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ന് പാക്കിസ്ഥാന്‍ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.