ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുമുല്ലൈവോയലിലാണ് സംഭവം. 79 കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയത് കൃത്യസമയത്ത് ഭക്ഷണം നല്‍കാത്തതിന് മാത്രമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രമേഹരോഗിയാണ് വിനായകം, ഭാര്യ തനിക്ക് വേണ്ടത്ര പരിചരണം നല്‍കുന്നില്ലെന്ന് ആണ് ഇയാളുടെ പരാതി. ഇത് കാരണം പലപ്പോഴും പ്രതിയും കൊല്ലപ്പെട്ട ഭാര്യ ധനലക്ഷ്മിയും തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
മരുന്ന് കഴിക്കാന്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്ന് വിനായകന്‍ നിര്‍ബന്ധം പിടിക്കുകയും എന്നാല്‍ 65 കാരിയായ ധനലക്ഷ്മിയും അസുഖബാധിതയായിരുന്നു. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഭക്ഷണം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തിരുമുല്ലൈവോയലിലെ കമലനഗര്‍ പ്രദേശത്ത് താമസിക്കുന്ന ഗണപതി, മണികണ്ഠന്‍ എന്നീ രണ്ട് മക്കളുള്ള ദമ്പതികള്‍ തമ്മില്‍ ബുധനാഴ്ച രാത്രിയും ഭക്ഷണം വിളമ്പാന്‍ വൈകിയതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. രോഷാകുലനായ വിനായകം അടുക്കളയിലെ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയ്ക്കും ശ്രമിച്ചു.
ഗണപതിയും മണികണ്ഠനും ജോലിക്ക് പോയതിന് ശേഷമായിരുന്നു സംഭവം. മക്കള്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍, അമ്മ മരിച്ചനിലയിലും പിതാവ് സമീപത്ത് കിടക്കുന്നതായും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്ന് അവരുടെ പിതാവിനോട് ചോദിച്ചപ്പോള്‍ വിനായഗം മറുപടി പറയാതെ ഒന്നും അറിയാത്ത ഭാവം നടിച്ചു. എന്നാല്‍ സംശയം തോന്നിയ മക്കള്‍ തിരുമുല്ലൈവോയല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ വിനായകം കുറ്റം സമ്മതിക്കുകയായിരുന്നു.